Total Pageviews

ഭക്തിയും വ്യക്തിത്വവുമുള്ള വാക്കുകള്‍

``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നല്ല വാക്കു പറയുക. എങ്കില്‍ നിങ്ങളുടെ കര്‍മങ്ങള്‍ അവന്‍ നല്ലതാക്കും. നിങ്ങള്‍ക്ക്‌ പാപങ്ങള്‍ പൊറുത്തുതരും.'' (അഹ്‌സാബ്‌ 70,71)


``ഒരാള്‍ സല്‍ക്കര്‍മങ്ങളിലൂടെ സ്വര്‍ഗത്തോട്‌ അടുത്തുകൊണ്ടിരിക്കും. അയാളുടെയും സ്വര്‍ഗത്തിന്റേയുമിടയില്‍ കട്ടിയുള്ളൊരു വടിയുടെ മാത്രം അകലമേ ബാക്കിയുണ്ടാകൂ. അപ്പോഴാണ്‌ അയാള്‍ അല്ലാഹുവിനിഷ്‌ടമല്ലാത്ത ഒരു വാക്കു പറയുന്നത്‌. അക്കാരണത്താല്‍ `സ്വന്‍ആ'യിനേക്കാള്‍ അകലേക്ക്‌ അയാള്‍ സ്വര്‍ഗത്തില്‍ നിന്നും അകറ്റപ്പെടും.'' (അഹ്‌മദ്‌ 464, അസ്‌ബഹാനി തര്‍ഹീബ്‌ 2362)



ഇമാം ഹസന്‍ ബസ്വരി ഉണര്‍ത്തുന്നു; ``ബുദ്ധിശാലിയുടെ നാവ്‌ അയാളുടെ ഹൃദയത്തിന്റെ പിറകിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ അയാള്‍ ഹൃദയത്തോട്‌ സമ്മതം ചോദിക്കും. അനുവദിച്ചാല്‍ മാത്രം സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിന്‍ തുമ്പിലായിരിക്കും. ഹൃദയത്തിലേക്ക്‌ അയാള്‍ തിരിഞ്ഞുനോക്കുകയില്ല. നാവിലെന്തു വന്നുവോ അത്‌ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.'' (ഇബ്‌നുമുബാറക്‌; കിതാബുസ്സുഹ്‌ദ്‌ 389)
മഹാപണ്ഡിതന്‍ ഹാതിം അസ്വമ്‌ പറഞ്ഞതിങ്ങനെ; ``അല്ലാഹുവിന്‌ നല്‍കാന്‍ ഒരു ഉത്തരം കണ്ടുവെച്ചിട്ടല്ലാതെ ഒരു വാക്കും പറയുന്നതെനിക്കിഷ്‌ടമല്ല. അന്ത്യനാളില്‍ അല്ലാഹു എന്നോട്‌ ചോദിക്കും; നീ എന്തിനാണങ്ങനെ പറഞ്ഞത്‌? അപ്പോള്‍ `നാഥാ ഇന്ന കാരണത്താല്‍' എന്നെനിക്ക്‌ ഉത്തരം നല്‍കാന്‍ കഴിയണം.'' (താരീഖു ബഗ്‌ദാദ്‌ 8245)
ഇഹലോകത്ത്‌ എന്തു നഷ്‌ടമുണ്ടായാലും നാലു കാര്യങ്ങള്‍ കൂടെയുണ്ടെങ്കില്‍ പേടി വേണ്ടെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ട്‌. സത്യം മാത്രം പറയുന്ന നാവ്‌, ഉത്തരവാദിത്വബോധം, നല്ല സമ്പാദ്യത്തിലൂടെയുള്ള ഭക്ഷണം, മികച്ച സ്വഭാവം എന്നിവയാണവ. (സ്വഹീഹുല്‍ ജാമിഅ്‌ 3741, അല്‍ബാനി)
സൂക്ഷ്‌മതയുള്ള വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം. നല്ല വാക്കുകളാല്‍ നല്ല വ്യക്തിത്വം കൈവരുമെന്നതുമുറപ്പ്‌. പറഞ്ഞുപോയ വാക്കുകള്‍ ഒരിക്കലും നമ്മെ സങ്കടപ്പെടുത്താതിരിക്കട്ടെ. പറയാതിരുന്ന വാക്കുകള്‍ എന്നും ആശ്വാസവുമാകട്ടെ

1 comment:

MT Manaf said...

"നല്ല വാക്കു പറയുക. എങ്കില്‍ നിങ്ങളുടെ കര്‍മങ്ങള്‍ അവന്‍ നല്ലതാക്കും. നിങ്ങള്‍ക്ക്‌ പാപങ്ങള്‍ പൊറുത്തുതരും".