Total Pageviews

'യാ അല്ലാഹ് ' അറബി സംഗീതാവിഷ്‌ക്കാരത്തില്‍ ദാമോദരന്‍ മാഷ്


നീര്‍മാതളത്തിന്റെ സുഗന്ധം മലയാളത്തിന് ബാക്കിയാക്കി മൂന്നാണ്ടുകള്‍ക്ക് മുമ്പ് ഓര്‍മയിലേക്ക് മറഞ്ഞ കമലാ സുരയ്യയുടെ 'യാ അല്ലാഹ്' എന്ന മലയാള കവിതയുടെ അറബി പതിപ്പിന്റെ സംഗീതാവിഷ്‌ക്കാരത്തിന്റെ പണിപ്പുരയിലാണ് സംഗീത സംവിധായകന്‍ മങ്കട ദാമോദരന്‍ മാഷ്. പ്രിയപ്പെട്ട കഥാകാരിയുടെ വിയോഗത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ചരിത്ര പൂര്‍ത്തീകരണത്തിന്റെ തിരക്കിലാണ് ദാമോദരന്‍ മാഷ്.
ഖുര്‍ആന്‍ കവിതാവിഷ്‌ക്കാരമായ 'അമൃതവാണി'ക്കും അറബി കവി ഹാഷിം രിഫാഇയുടെ വരികള്‍ക്കും സംഗീതത്തിന്റെ ചട്ടക്കൂട്ട് ഒരുക്കിയ മാഷിന് നാല് പതിറ്റാണ്ട് കാലത്തെ സംഗീത ജീവിതത്തിലെ വേറിട്ട അനുഭവമായിട്ടാണ് 'യാ അല്ലാഹി'നെ കാണുന്നത്. അറബി മൊഴിയിലുള്ള ദൈവ പ്രണയത്തെ കുറിച്ചുള്ള വരികള്‍ക്കാണ് കര്‍ണാടിക്ക് സംഗീതത്തിന്റെ ചേരുവ ചേര്‍ക്കുന്നത്.
ഖുര്‍ആന്റെ വരികള്‍ സംഗീതത്തിലൂടെ ക്ഷേത്രനടകളില്‍ വരെ ആലപിച്ച് മതമൈത്രിക്ക് വേറിട്ട സന്ദേശം നല്കിയ ദാമോദരന്‍ മാഷുടെ ശിഷ്യ ഹന്ന യാസിറാണ് 'യാ അല്ലാഹ്'വിന്റെ വരികള്‍ക്കൊപ്പവും യാത്ര ചെയ്യുന്നത്.
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഹന്ന യാസിറിന്റെ പഠനത്തിരക്കുകള്‍ കാരണമാണ് സംഗീതാവിഷ്‌ക്കാരം പൂര്‍ത്തിയാക്കുവാന്‍ സമയമെടുക്കുന്നത്.
തിരൂര്‍ക്കാട് എ എം ഹൈസ്‌കൂളില്‍ മുപ്പത് വര്‍ഷം സംഗീത അധ്യാപകനായി വിരമിച്ചതിന് ശേഷം സംഗീത രംഗത്ത് തിളങ്ങി നില്‍ക്കുന്ന ആയിരത്തിലധികം ശിഷ്യരെ വാര്‍ത്തെടുക്കുകയുണ്ടായി മാഷ്. ഗാനങ്ങള്‍, നൃത്തനാടകം, സിനിമ, ടെലിഫിലിം, ആല്‍ബം, ഭക്തിഗാനങ്ങള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയിട്ടുണ്ട് അദ്ദേഹം.
പാലക്കാട് ഗവണ്‍മെന്റ് സംഗീത കോളെജില്‍ നിന്ന് ചെന്നൈയിലെ കെ ആര്‍ കേദാരനാഥ അയ്യരുടെ ശിഷ്യനായിട്ടാണ് സംഗീത ലോകത്തേക്ക് കാലെടുത്തു വെച്ചത്. സ്‌കൂള്‍ കലോത്സവ വേദികളില്‍ വിധി കര്‍ത്താവായി വരാറുള്ള ഈ 62കാരന്‍ മങ്കട കോവിലകത്തോട് ചേര്‍ന്നുള്ള അന്തരിച്ച മങ്കട രവിവര്‍മ്മ തമ്പുരാന്റെ പഴയ വിശ്രമ മുറിയിലാണ് 'തംബുരു' എന്ന പേരിലുള്ള സംഗീത വിദ്യാലയം നടത്തി വരുന്നത്.
മുസ്‌ലിം സമുദായത്തിലെ കുട്ടികളെ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കുന്നതിലുള്ള ഉദ്യമം വിജയിച്ച ചാരിതാര്‍ഥ്യത്തിലാണ് മാഷ്. പഠനം പൂര്‍ത്തീകരിച്ച് പോവുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന ഗുരുദക്ഷിണ മാത്രമാണ് ഈ റിട്ടയേര്‍ഡ് അധ്യാപകന്റെ ഉപജീവന മാര്‍ഗ്ഗം. മങ്കട കോവിലകം റോഡിലെ ചെറിയ വീട്ടിലാണ് സംഗീത കുടുംബം താമസിക്കുന്നത്. ഗായിക ബേബി വല്‍സലയാണ് ഭാര്യ. അബൂദാബിയില്‍ സംഗീത അധ്യാപകനായി ജോലി ചെയ്യുന്ന ശ്യാം മങ്കട, സംഗീത വിദ്യാര്‍ഥിനി ശ്യാമ മങ്കട എന്നിവരാണ് മക്കള്‍. ബാലസാഹിത്യകാരന്‍ വി എം കൊച്ചുണ്ണി മാഷ് സഹോദരനാണ്.

No comments: