- അഭിമുഖം -
ക്രിസ്റ്റ്യാനേ ബക്കര്‍
1995ലാണ് ബക്കറിന്റെ യാത്ര ആരംഭിക്കുന്നത്. എം ടി വിയിലെ പ്രമുഖ അവതാരകയായ ബക്കര്‍ ഇസ്‌ലാമാശ്ലേഷിച്ച വാര്‍ത്ത കേട്ട് യൂറോപ്പ് ഞെട്ടി. ദൃശ്യമാധ്യമ രംഗത്ത് തിളങ്ങിനിന്ന കാലം. ബോബ് ഗെല്‍ഡോഫ്, മിക് ജാഗര്‍, ഡേവിഡ് സോവീ, ആനി ലേനോക്‌സ് തുടങ്ങിയ പ്രമുഖരോടൊപ്പം മീഡിയാരംഗത്ത് പ്രവര്‍ത്തിച്ചു.
പ്രശസ്‌തരോടൊപ്പം പലയിടത്തും കറങ്ങി, എം ടി വിയുടെ വീഡിയോ മ്യൂസിക് അവാര്‍ഡുകള്‍ നല്‌കാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനായി ഭൂഖണ്ഡാന്തര യാത്രകള്‍ ചെയ്‌തു. എന്നാല്‍ ആത്മീയതയും മതവുമായി ബന്ധമില്ലാത്ത ലോകമായിരുന്നു ബക്കറിന്റേത്.
പ്രശസ്‌തിയുടെ കൊടുമുടിയില്‍ ആയിരിക്കെ പ്രശസ്‌ത ക്രിക്കറ്റ് കളിക്കാരനും ഇപ്പോള്‍ പാകിസ്‌താനിലെ തഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇംറാന്‍ഖാനെ പരിചയപ്പെട്ടു. ആ ബന്ധമാണ് എന്നേക്കുമായി ബക്കറിന്റെ ജീവിതത്തെ മാറ്റിയത്. പാകിസ്‌താനിലൂടെയുള്ള യാത്രകളില്‍ തനിക്ക് തീരെ പരിചയമില്ലാത്ത, ദൈവത്തോടുള്ള സ്‌നേഹം മുറ്റിനില്‌ക്കുന്ന തീര്‍ത്തും വ്യത്യസ്‌തമായ ഒരു ലോകം അവര്‍ കണ്ടു. ഫ്രം എം ടി വി ടു മക്ക എന്ന ബക്കറിന്റെ പുതിയ പുസ്‌തകം വായനക്കാരെ സ്വന്തത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു യാത്രയിലൂടെ കൊണ്ടുപോകുന്നു. പാകിസ്‌താനില്‍ നിന്ന് ബോസ്‌നിയയിലേക്കും ഹാംബര്‍ഗില്‍ നിന്ന് സുഊദി അറേബ്യയിലേക്കും ലോസ് ഏഞ്ചല്‍സില്‍ നിന്ന് ലണ്ടനിലേക്കുമുള്ള അവരുടെ യാത്രകളിലൂടെ യഥാര്‍ഥ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായുള്ള അവരുടെ അന്വേഷണത്തെ നാമും പിന്തുടരുന്നു. അവര്‍ തന്നെ സുന്ദരമായി എഴുതിയതുപോലെ: ``ദൈവത്തിന്റെ മാര്‍ഗത്തില്‍ ഞാന്‍ എത്രയധികം യാത്ര ചെയ്‌തുവോ അത്രത്തോളം ദൈവാനുഗ്രഹങ്ങള്‍ എനിക്കനുഭവപ്പെട്ടു. എന്റെ വിശ്വാസം ഇളക്കാന്‍ പറ്റാത്തവിധം കരുത്തുറ്റതായി വളര്‍ന്നു. എന്റെ ഹൃദയം മറ്റൊരു ഭവനം കണ്ടെത്തി.''
നിങ്ങളെഴുതിയ ഫ്രം എംടിവി റ്റു മക്ക എന്ന കൃതിയെ സംക്ഷിപ്‌തമായി പരിചയപ്പെടുത്താമോ?
യൂറോപ്പില്‍ വ്യാപകമായി ഇസ്‌ലാമോഫോബിയ (ഇസ്‌ലാമിനോടുള്ള ഭയം) നിലനില്‌ക്കുന്നതുകൊണ്ടാണ് ഞാനാ പുസ്‌തകം എഴുതിയത്. 1995ല്‍ ഇസ്‌ലാമാശ്ലേഷിച്ചപ്പോള്‍ എനിക്കു തന്നെ ഇതനുഭവപ്പെട്ടിട്ടുണ്ട്. എംടിവിയില്‍ പരിപാടികളവതരിപ്പിക്കുന്ന അവാര്‍ഡു ജേതാവായ ഒരുവതാരകയായിരുന്നു അക്കാലത്ത് ഞാന്‍. ജര്‍മനിയില്‍ യുവാക്കള്‍ക്കും/യുവതികള്‍ക്കുമായി എന്റേതായ ഷോകളുണ്ടായിരുന്നു. ഞാന്‍ മുസ്‌ലിമായതോടു കൂടി എംടിവിയില്‍ ഷോ അവതരിപ്പിക്കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. അതോടെ ജര്‍മനിയിലെ ടി വിയുമായി ബന്ധപ്പെട്ട എന്റെ കരിയറിന് ഏതാണ്ട് അന്ത്യമായി. വര്‍ഷങ്ങളോളം ഏജന്റുമാര്‍ എന്നോട് പറഞ്ഞു: ``ടി വിയില്‍ ഇനിയും എന്നെങ്കിലും ജോലി ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കരുത്.''
അവരുടെ ഉപദേശം ഞാന്‍ ശ്രദ്ധിച്ചു. എന്റെ വിശ്വാസം കൂടുതല്‍ ആഴത്തിലുള്ളതാക്കിക്കൊണ്ടും, ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടും യാത്ര ചെയ്‌തുകൊണ്ടും ഞാനാ വര്‍ഷങ്ങള്‍ ചെലവഴിച്ചു. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സുന്ദരമതത്തെ എത്ര മോശമായാണ് മീഡിയ പലപ്പോഴും ചിത്രീകരിക്കുന്നത്. യഥാര്‍ഥത്തില്‍ സത്യമതമാണ് ഇസ്‌ലാം. ഇത് ഞാന്‍ ലോകത്തോട് പറയാനാഗ്രഹിച്ചു. എനിക്കു നാല്‌പതു വയസ്സുള്ളപ്പോള്‍ ഞാന്‍ ഹജ്ജിനു പോയി. ജര്‍മന്‍ മീഡിയ ഇതിനെ നല്ല രീതിയില്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഒരു പ്രസാധകന്‍ എന്നെ സമീപിച്ച് ചോദിച്ചു: ``നിങ്ങളുടെ കഥ ഒരു പുസ്‌തകരൂപത്തില്‍ എഴുതാനാഗ്രഹിക്കുന്നുണ്ടോ?'' ``എത്ര നല്ലത്!'' ഞാന്‍ ചിന്തിച്ചു. ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വേണ്ടി പരിശ്രമിക്കാനും ഇസ്‌ലാമിനെതിരെ എനിക്കുണ്ടായിരുന്ന മുന്‍ധാരണകള്‍ ഇല്ലാതായത് എങ്ങനെയെന്ന് വിവരിക്കാനും ഞാന്‍ തീരുമാനിച്ചു.
പലരും അസൂയപ്പെടുന്ന വിധം ഗ്ലാമറുള്ള ജോലിയും ജീവിതവുമായിരുന്നു നിങ്ങളുടേത്. എന്താണ് അതില്‍ ഇല്ലാതിരുന്നത്?
എന്റെ ജീവിതത്തില്‍ ദൈവവുമായുള്ള ബന്ധമാണ് ഇല്ലാതിരുന്നത്. ഒരു യുവതി/യുവാവ് സ്വപ്‌നം കാണുന്നതെല്ലാം എനിക്കുണ്ടായിരുന്നു. പാര്‍ട്ടികള്‍, പ്രശസ്‌തരായ റോക്‌സ്റ്റാറുകളെ ഇന്റര്‍വ്യൂ ചെയ്യല്‍, വീഡിയോകളുടെ അനൗണ്‍സ്‌മെന്റ്, ടീമിനോടൊപ്പം പോകുന്നിടത്തെല്ലാം ഹാര്‍ദവമായ സ്വീകരണം. പക്ഷേ, ഉള്ളില്‍ ഞാന്‍ യഥാര്‍ഥത്തില്‍ സംതൃപ്‌തിയായിരുന്നില്ല.
ഇസ്‌ലാമാശ്ലേഷിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് എത്രത്തോളം അറിയാമായിരുന്നു?
1992ല്‍ ഇസ്‌ലാമിനെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയത് താടിയുള്ള ഇമാമല്ല, സുന്ദരനായ, സ്‌പോര്‍ട്‌സ് സ്റ്റാറായ ഇംറാന്‍ഖാനാണ്. ആയിടെ വേള്‍ഡ്‌കപ്പ് നേടിയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അദ്ദേഹം. എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാതിരുന്നതു കൊണ്ട് തന്നെ അദ്ദേഹത്തെ ഞാനത്ര പരിഗണിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹം എന്നെ ആദ്യമായി ഇസ്‌ലാം പഠിപ്പിച്ച വ്യക്തിയായി. മൂന്നു വര്‍ഷത്തോളം ഞാന്‍ പഠിച്ചു. ഒരുപാട് പുസ്‌തകങ്ങള്‍ വായിച്ചു. പലവട്ടം പാകിസ്‌താനിലേക്ക് യാത്ര ചെയ്‌തു. പണ്ഡിതന്മാരോടും ലണ്ടനിലെയും പാകിസ്‌താനിലെയും സാധാരണക്കാരോടും ഞാന്‍ പല ചോദ്യങ്ങളും ചോദിച്ചു. മുന്നുവര്‍ഷത്തെ പഠനത്തിനു ശേഷം മറ്റാര്‍ക്കും വേണ്ടിയല്ല, എനിക്കുവേണ്ടി ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചു.
ഇസ്‌ലാമാശ്ലേഷിച്ചതിനു ശേഷം മുസ്‌ലിം ലോകത്തിലൂടെയുള്ള യാത്രകളെക്കുറിച്ച് വിവരിക്കാമോ? നിങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും പൊതു പാശ്ചാത്യധാരണകളില്‍ നിന്നും വളരെവ്യത്യസ്‌തമായിരുന്നുവോ മുസ്‌ലിംലോകം?
ഏറെ ധാരണകളൊന്നും ഞങ്ങള്‍ക്കില്ല. പാകിസ്‌താനെക്കുറിച്ച് മോശപ്പെട്ട വാര്‍ത്തകളല്ലാതെ നിങ്ങള്‍ കേള്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടെ പ്രവേശിച്ച നിമിഷം മുതല്‍ ഞാനാ നാടിനെ ഇഷ്‌ടപ്പെട്ടു. അത്യാകര്‍ഷകമായ ഭൂപ്രകൃതിയും മലകളും പുല്‍ത്തകിടികളും മരുഭൂമികളുമുള്ള ഒരു സുന്ദര രാജ്യമാണത്. വളരെ ഉദാരരും നല്ല സൗഹൃദത്തോടെ പെരുമാറുന്നവരും തങ്ങള്‍ക്കുള്ളത് എത്ര കുറച്ചായിരുന്നാലും നമ്മളുമായി പങ്കുവെക്കുന്നവരുമാണവര്‍. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്രരായ ആളുകള്‍ പോലും അങ്ങനെയാണ്. പല യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കാനും ചിന്തിപ്പിക്കാനും എന്റെ യാത്രകള്‍ക്ക് കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ രണ്ട് വ്യത്യസ്‌ത ലോകങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ചില നിര്‍ണായക നിമിഷങ്ങളെയും ഞാന്‍ നേരിട്ടു. പടിഞ്ഞാറ് സമയം പണമാണ് (time is money). പലവിധ സമ്മര്‍ദങ്ങളും ഉള്ളതിനാല്‍ ആളുകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി സമയം ചെലവഴിക്കുകയില്ല. പാശ്ചാത്യ ലോകത്തെ ജനങ്ങളുടെ ജീവിതത്തില്‍ ദൈവികചിന്ത പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ പടിഞ്ഞാറ് വിശ്വാസം വല്ലാതെ പരിമിതപ്പെട്ടിരിക്കുന്നു. എന്റെ പുസ്‌തകത്തിലൂടെ വിശ്വാസത്തിന് അര്‍ഹമായ സ്ഥാനം നല്‍കാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്. അതെ, പാകിസ്‌താനില്‍ എല്ലാവരും ദൈവത്തിന്റെ നാമത്തിലാണ് എല്ലാം ചെയ്യുന്നത്. ദൈവത്തില്‍ നിന്നുള്ള പ്രീതി പ്രതീക്ഷിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി പലതും ത്യജിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തിന് ദൈവം ഉപയോഗിച്ച ടൂള്‍ ആണ് ഇമ്‌റാന്‍ ഖാന്‍ എന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഏതു വശമാണ് നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത്?
യഥാര്‍ഥത്തിലത് ഒരു കാര്യം മാത്രമല്ല. പാവങ്ങള്‍ക്ക് ഫ്രീയായി ചികിത്സ ലഭ്യമാക്കുന്നതിനായി ലാഹോറില്‍ അദ്ദേഹം ആശുപത്രി സ്ഥാപിച്ച രീതിയും എന്നില്‍ നല്ല മതിപ്പുളവാക്കി. ആശുപ്രത്രിക്കുള്ള ഫണ്ട് ശേഖരണത്തിനായി വളണ്ടിയര്‍മാരുടെ കൂട്ടം രാവും പകലും പണിയെടുക്കുന്നു. ഒരര്‍ഥത്തില്‍ ദൈവത്തിന് സേവനം ചെയ്യുന്ന പോലെ. ഈ ആശുപത്രി യും നിര്‍മാണം എന്ന വാഗ്‌ദാനം നിറവേറ്റുന്നതിനായി തന്റെ കരിയര്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ട് ഒരു ജനസേവകനായി അദ്ദേഹം മാറി. ലോകത്തെ മുസ്‌ലിം കണ്ണുകളിലൂടെ കാണുന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നാണ് ഇതുണ്ടായത്. മുമ്പ് എനിക്കിത് പരിചയമില്ല.
പരലോകം ലക്ഷ്യമാക്കുന്ന, വിശ്വാസികളല്ലാത്തവര്‍ക്കില്ലാത്ത, അല്‌പം വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് അദ്ദേഹത്തിന് ലോകത്തെക്കുറിച്ചുള്ളത്. ദൈവത്തില്‍ ഇത്ര ഉറച്ച് വിശ്വസിക്കുന്ന സ്വന്തം ഈമാനും അറിവും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണ്. യഥാര്‍ഥത്തില്‍ ഫിലോസഫി എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ഞാന്‍ വളരെയധികം സന്തോഷിക്കുകയും ആദ്യനിമിഷം തന്നെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് വായന ആരംഭിച്ചു; ആ ഫിലോസഫി അന്വേഷിച്ചുകൊണ്ട്.
നിങ്ങളുടെ യാത്രകളില്‍ നിന്നും പഠനത്തില്‍നിന്നും ഇസ്‌ലാമിക തത്വശാസ്‌ത്രത്തിനും സംസ്‌കാരത്തിനും തുര്‍ക്കി എന്ത് സംഭാവനകള്‍ നല്‍കി എന്നാണ് നിങ്ങളുടെ വിലയിരുത്തല്‍?
എട്ട് നൂറ്റാണ്ടിലേറെ നിലനിന്ന ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ചരിത്രപരമായ വേരുകള്‍ വ്യക്തമായും ഇസ്‌ലാമിക തത്വശാസ്‌ത്രത്തിലും സൂഫിസത്തിലുമാണ്. അക്കാലഘട്ടത്തില്‍ പല തത്വചിന്തകരും പണ്ഡിതന്മാരും ഇസ്‌ലാമിക ചിന്തക്കും തത്വശാസ്‌ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ, ദൗര്‍ഭാഗ്യവശാല്‍, മുസ്‌തഫ കമാല്‍ അത്താതുര്‍ക്കിന്റെ കാലത്ത് സൂഫിസവും ആത്മീയതയും വിലക്കപ്പെടുകയും പ്രാര്‍ഥിക്കാനായി ഒരുമിച്ചാല്‍ പോലീസ് പിടിച്ചുകൊണ്ടുപോകാന്‍ സാധ്യതയേറുകയും ചെയ്‌തു. അതെല്ലാം തീര്‍ത്തും ദു:ഖകരമായിരുന്നു. എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ മാറിവരുന്നതായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തോട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണമെന്തായിരുന്നു?
ഞാനെന്തുകൊണ്ടാണ് ഇസ്‌ലാമാശ്ലേഷിച്ചതെന്ന് എന്റെ കുടുംബത്തിലുള്ളവര്‍ക്ക് മനസ്സിലായില്ല. ഒരുപാട് ചര്‍ച്ചകളും ഡിബേറ്റുകളും വീട്ടില്‍ നടന്നു. എങ്കിലും ഇപ്പോള്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്തുണയ്‌ക്കുന്നു. ഞാന്‍ സന്തോഷവതിയാണെന്നതുകൊണ്ടാണ് അവരെന്നെ പിന്തുണയ്‌ക്കുന്നത്. ഇസ്‌ലാം എന്നെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്കതിനോട് എതിര്‍പ്പില്ല.ഒരു അഭിമുഖത്തില്‍ ബോബ് ഗെല്‍ഡോഫ് വിനയാന്വിതനായി പറഞ്ഞതുപോലെ, എനിക്ക് വ്യത്യാസം വന്നിട്ടില്ല, എന്റെ പ്രകൃതം പഴയതുതന്നെയാണ്. എന്റെ പല ശീലങ്ങളും ഞാന്‍ മാറ്റിയെങ്കിലും. അതുകൊണ്ടുതന്നെ കുടുംബത്തിലുള്ളവര്‍ക്ക് ഇനിയും എന്നെ അംഗീകരിക്കാതിരിക്കാനാവില്ല.
ഇസ്‌ലാമിശ്ലേഷിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് പല വി ഐ പികളുമായി പരിചയമുണ്ടായിരുന്നു. വിശ്വാസിനി ആയതിനു ശേഷം അവരെക്കുറിച്ചുള്ള ധാരണകള്‍ക്ക് മാറ്റം വന്നോ?
എന്റെ വിശ്വാസവും ഞാനിപ്പോള്‍ വിശ്വസിക്കുന്ന മൂല്യങ്ങളും എല്ലാത്തിനെക്കുറിച്ചുമുള്ള എന്റെ കാഴ്‌ചപ്പാടില്‍ മാറ്റം വരുത്തി. ആളുകളെക്കുറിച്ചും എന്റര്‍ടെയ്‌ന്‍മെന്റ് ബിസിനസിനെക്കുറിച്ചുള്ള കാഴ്‌ചപ്പാടിലും... ഞാനിപ്പോള്‍ ആളുകളെ വ്യത്യസ്‌ത കണ്ണുകളിലൂടെയും വ്യത്യസ്‌ത മൂല്യങ്ങളിലൂടെയുമാണ് വിലയിരുത്തുന്നത്. അതാണ് മതത്തിന്റെ സൗന്ദര്യം. യഥാര്‍ഥമായ ഒരു പാത പിന്തുടരാന്‍ വേണ്ട കരുത്തും ശക്തിയും അത് നല്‍കുന്നു. അത് അത്യാഹ്ലാദകരമായിരുന്നാലും അല്ലെങ്കിലും. ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക് അത്യാഹ്ലാദങ്ങളെല്ലാം അപ്രധാനമാണ്. എന്റെ വീക്ഷണത്തില്‍ ബോബ് ഗെല്‍ഡോഫ് ഇപ്പോഴും അസാധാരണ മനുഷ്യനാണ്. അദ്ദേഹം മാനവികതക്കും പാവപ്പെട്ടവര്‍ക്കും തന്റെ മക്കള്‍ക്കും തന്റെ കുടുംബക്കാര്‍ക്കും ചെയ്യുന്ന ഉപകാരങ്ങള്‍ കൊണ്ടുതന്നെ. ഉദാരത ആരംഭിക്കേണ്ടത് സ്വഭവനത്തില്‍ നിന്നാണ്. നമ്മുടെ വീട്ടില്‍ നാം നല്ല വ്യക്തിയായിരിക്കണം എന്നതിനായിരിക്കണം മുന്‍ഗണന.
മുസ്‌ലിമായി ജീവിച്ചുകൊണ്ടുതന്നെയുള്ള അന്വേഷണത്തില്‍ ഞാന്‍ പലതും മനസ്സിലാക്കി. നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന എല്ലാ മുസ്‌ലിംകളും നല്ലവരല്ലെന്ന ദു:ഖസത്യവും ഞാനറിഞ്ഞു. ചിലര്‍ പ്രാര്‍ഥിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നുണ്ടാവാം. എന്നിട്ട് ജീവിതത്തില്‍ വഞ്ചിക്കുകയും കളവ് പറയുകയും ചെയ്യുന്നു. ഇത് രണ്ടും എങ്ങനെയാണ് ഒത്തുപോവുക?
ജര്‍മന്‍ മീഡിയ ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കുന്നത് നിങ്ങളുടെ നാടിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയോ?
ന്യായമായ കാരണങ്ങളാല്‍ ഞാന്‍ ലണ്ടനിലാണ് താമസിക്കുന്നത്. ഞാനാരാണെന്നറിഞ്ഞുകൊണ്ട് എന്നെ ഇവിടെയുള്ളവര്‍ സ്വീകരിക്കുന്നതായി എനിക്കനുഭവപ്പെടുന്നതുകൊണ്ടാണിത്. ഇസ്‌ലാമും മുസ്‌ലിംകളുമായി ഇടപെടുന്ന കാര്യത്തില്‍ ജര്‍മനി ഇത്തിരി പിറകിലാണെന്നാണ് എന്റെ അനുഭവം. വളരെ സജീവരാണിവിടുത്തെ മുസ്‌ലിംകള്‍. പ്രാദേശികമായും അന്താരാഷ്‌ട്രതലത്തിലും.
നിങ്ങള്‍ ഇസ്‌ലാമാശ്ലേഷിക്കുന്ന സമയത്തുണ്ടായിരുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച് നിങ്ങള്‍ പറഞ്ഞു. ഇതൊന്ന് വിശദീകരിക്കാമോ? സെപ്‌തംബര്‍ 11നും അറബ് വസന്തത്തിനും ശേഷം ഈ അവസ്ഥയ്‌ക്ക് അടുത്തകാലത്ത് എന്തെങ്കിലും മാറ്റമുണ്ടായോ?
ലണ്ടനില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞാനിവിടെ തങ്ങുന്നത്. രണ്ട് പ്രവണതകള്‍/അടിയൊഴുക്കുകള്‍ നിലവിലുണ്ടെന്ന് ഞാന്‍ കരുതുന്നു: ഒന്ന്, നല്ല പ്രവണതയും മറ്റേത് മോശം പ്രവണതയും. ഒരു വശത്ത് -ഹലാല്‍ ഭക്ഷണവും ഉത്‌പന്നങ്ങളും കൂടുതല്‍ ലഭ്യമാണിവിടെ. ഹലാല്‍ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റ് 2.1 ട്രില്യണ്‍ ഡോളറിന്റെതാണിവിടെ. ഉപഭോക്താക്കളും ബിസിനസുകാരും ഈ രംഗത്തേയ്‌ക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. പൂര്‍ണമായും ഉപയോഗപ്പെടുത്താത്ത മാര്‍ക്കറ്റാണിത്. സാമ്പത്തികരംഗത്ത് ഇത് നല്ല ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മുസ്‌ലിംകള്‍ക്കനുയോജ്യമായ വസ്‌ത്രങ്ങള്‍, അയഞ്ഞ കുപ്പായം എന്നിവ ഫാഷനായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സന്തോഷകരമാണ്. എന്നാല്‍ മറുവശത്ത് ഇസ്‌ലാമോഫോബിയയും പടരുന്നു. അതുകൊണ്ടാണ് ഞാനെന്റെ പുസ്‌തകമെഴുതിയത് (വ്യക്തമായും 9/11നു ശേഷവും മിഡില്‍ ഈസ്റ്റിലെ ഇപ്പോഴത്തെ ഭീതിതമായ സംഭവങ്ങള്‍ക്കു ശേഷവും). പ്രവാചകനെ ആക്ഷേപിച്ചുകൊണ്ടുള്ള സിനിമയുടൈ പേരില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടു. സിനിമ വൃത്തികെട്ടതായിരുന്നു. എന്നാല്‍ അതൊരാളെ കൊല്ലാന്‍ കാരണമായിക്കൂടാ. ഇത്തരം സംഭവങ്ങള്‍ നമ്മെ സഹായിക്കുകയല്ല, പിന്നോട്ട് തള്ളുകയാണ് ചെയ്യുക.
1995ല്‍ ഇസ്‌ലാമാശ്ലേഷിച്ചതിനു ശേഷം ഇസ്‌ലാമിനെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ എന്താണ് ഇത്രകാലം കാത്തുനിന്നത്?
എന്റെ ജോലികള്‍ നഷ്‌ടപ്പെട്ടതിനു ശേഷം ഞാനാകെ സങ്കടത്തിലായിരുന്നു. മുസ്‌ലിമായത് എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെയാവുകയാണ്. മീഡിയയുടെ നെഗറ്റീവായ പ്രചാരണം മൂലം സംഭവിച്ചത് തീര്‍ച്ചയായും വളരെ മോശമായിരുന്നു. എന്റേതായ സംഭാവനകള്‍ നല്‍കാന്‍ ഞാനാഗ്രഹിച്ചു. എന്നാല്‍ ഞാനതിന് വേണ്ടത്ര ഒരുങ്ങിയിരുന്നില്ല. എം ടി വിയിലെ ജോലിയ്‌ക്കു ശേഷം എന്തിനെക്കുറിച്ച് സംസാരിക്കാനാണ് എനിക്ക് കഴിയുക. എനിക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ശൈഖ് അന്ന് എന്നോടു പറഞ്ഞു: ``നിങ്ങളുടെ ദീന്‍ ആദ്യമായി നിങ്ങളുടെ വിശ്വാസത്തെ ഭദ്രമാക്കട്ടെ, അതില്‍ നിങ്ങള്‍ക്ക് സംതൃപ്‌തി തോന്നട്ടെ.'' ആ ഉപദേശം ലഭിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഏതാണ്ട് ഇരുപതു വര്‍ഷത്തെ വായനക്കുശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇപ്പോളെനിക്ക് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാനാവും.
`ഇന്‍സ്‌പയേര്‍ഡ് ബൈ മുഹമ്മദ്' (Inspired by Muhammad)കാമ്പയിനില്‍ നിങ്ങളും പങ്കെടുത്തല്ലോ. ആ കാമ്പയിനെക്കുറിച്ച് ചെറുതായൊന്ന് പറയാമോ?
പ്രവാചകന്‍ മുഹമ്മദ്(സ) നെക്കുറിച്ചും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചുമുള്ള പോസ്റ്ററുകള്‍ രണ്ടു വര്‍ഷം മുമ്പ് ഞങ്ങള്‍ ബസുകളിലും ടാക്‌സികളിലും ഭൂഗര്‍ഭ ട്രെയിനുകളിലും പതിച്ചിരുന്നു. എന്റെ മുദ്രാവാക്യം `ഞാന്‍ പരിസ്ഥിതിയില്‍ വിശ്വസിക്കുന്നു. അതുപോലെ മുഹമ്മദ്(സ)യിലും വിശ്വസിക്കുന്നു' എന്നതായിരുന്നു. ചില തെറ്റിദ്ധാരണകള്‍ തകര്‍ക്കുന്നതിനു മാത്രമായിരുന്നു അത്. ഒരു മാര്‍ക്കറ്റ് റിസേര്‍ച്ച് ഏജന്‍സിയായ യൂഗോവ് (YouGov) ന്റെ പിന്തുണയോടെയാണ് ഞങ്ങളിത് ചെയ്‌തത്. യൂഗോവിന്റെ സര്‍വേയില്‍ കണ്ടെത്തിയത് ബ്രിട്ടനിലെ 50 ശതമാനം ആളുകള്‍ ഇസ്‌ലാം ഭീകരവാദമാണെന്ന് കരുതുന്നുവെന്നും 58 ശതമാനം ആളുകള്‍ ഇസ്‌ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കരുതുന്നുവെന്നും. 69 ശതമാനം ആളുകള്‍ ഇസ്‌ലാം സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന മതമായി കാണുന്നുവെന്നുമാണ്. ഇവിടത്തെ ആളുകള്‍ പൊതുവെ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഇത് കാണിക്കുന്നു. യൂറോപ്പില്‍ വളരെ മോശമാണവസ്ഥ. അതുകൊണ്ട് നമുക്കെല്ലാം പിടിപ്പത് പണിയുണ്ട്.
ഒരു സ്‌ത്രീയെന്ന നിലയില്‍ ഇസ്‌ലാം എന്തു നല്‍കി?
ഇസ്‌ലാമെനിക്ക് മാന്യത നല്‌കി. ഞാന്‍ സെക്‌സ് ഒബ്‌ജെക്‌ട് എന്ന നിലയിലല്ല, വ്യക്തി എന്ന നിലയില്‍ ആദരിക്കപ്പെടുന്നു. ഉദാഹരണമായി എബ്‌റു
ടി വി (Ebru TV) എന്ന ടി വി സ്റ്റേഷനുവേണ്ടി ജോലി ചെയ്‌തു. അവിടെ എല്ലാവരും വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. ഒരാളും ശൃംഗരിക്കാന്‍ വന്നില്ല. എന്നാല്‍ പടിഞ്ഞാറുള്ള ടി വി സ്റ്റേഷനുകളില്‍ ജോലി ചെയ്യുമ്പോള്‍ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരും. പൊതുവെ പാശ്ചാത്യ ലോകത്തെ മുഖ്യാധാരാ സമൂഹം ലൈംഗിക അതിപ്രസരത്തിന്റെ പിടിയിലാണ്. സ്‌ത്രീകളോട് വ്യംഗ്യോക്തികളുപയോഗിക്കലും പ്രേമ പ്രകടനങ്ങളും വ്യാപകമാണവിടെ. എന്നാല്‍ മുസ്‌ലിം പശ്ചാത്തലത്തില്‍ ഇത് സംഭവിക്കുന്നില്ല. ആളുകള്‍ വളരെ ആദരവോടെ പെരുമാറുന്നു. തീര്‍ച്ചയായും ഞാനതിഷ്‌ടപ്പെടുന്നു.
മുമ്പ് ഇസ്‌ലാമാശ്ലേഷിച്ച ക്യാറ്റ് സ്റ്റീവന്‍സ് (യൂസുഫ് ഇസ്‌ലാം) തുടക്കത്തില്‍ സംഗീതം പോലുള്ളവയില്‍ നിന്ന് അകന്ന് നിന്നിരുന്നു. എന്നാല്‍ ഈ അടുത്തകാലത്ത് അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള നിലപാട് മൃദുവാകുകയും തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതായി സമ്മതിക്കുകയും ചെയ്‌തു. മുസ്‌ലിമായതിനുശേഷം ഇസ്‌ലാമിനോടുള്ള നിലപാടില്‍ മാറ്റമുണ്ടായോ?
ഇസ്‌ലാമുമായി തുടര്‍ച്ചയായ ബന്ധമാണ് എന്റേത്. എന്നെ സംബന്ധിച്ചിടത്തോളം ക്രമേണ കൂടുതലായി കീഴ്‌പ്പെടുകയും വഴങ്ങുകയും ചെയ്യേണ്ടുന്ന വഴിയാണിത്. ഇസ്‌ലാം അങ്ങനെയല്ലെന്ന് എനിക്ക് പറയാനാവില്ല. അത് ഇസ്‌ലാമിന്റെ വ്യത്യസ്‌തമായ ഉപയോഗമാണ്. ഭാഗ്യവശാല്‍ ഇസ്‌ലാമിന്റെ കൂടുതല്‍ ആത്മീയമായ അധ്യാപനങ്ങളാണ് എന്നെ സ്വാധീനിച്ചത്. ഇസ്‌ലാമില്‍ പ്രവേശിച്ച അന്ന് മുതല്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രാവര്‍ത്തികമാക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. മുമ്പ് എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലയും ഈ സുന്ദര ദീനിനെക്കുറിച്ച് വാചാലയുമാണ്. ഇനി ഞാന്‍ നിശ്ശബ്‌ദയല്ല.
പടിഞ്ഞാറും ഇസ്‌ലാമും കൂടുതല്‍ സഹവര്‍ത്തിത്വത്തോടെ എങ്ങനെ മുന്നോട്ടു പോകുമെന്നാണ് നിങ്ങളുടെ അഭിപ്രായം?
എനിക്ക് തികച്ചും പോസിറ്റീവായ കാഴ്‌ചപ്പാടാണുള്ളത്. കൂടുതല്‍ കൂടുതല്‍ മുസ്‌ലിംകള്‍ പടിഞ്ഞാറ് ജനിക്കുകയും അവിടത്തെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കടന്നുപോവുകയും കേവലം മുസ്‌ലിം സമുദായത്തിലൊതുങ്ങാതെ സമൂഹത്തിലെ മുഖ്യധാരാ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതോടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടും. വ്യക്തി സമ്പര്‍ക്കങ്ങളിലൂടെ മാത്രമാണ് തെറ്റിദ്ധാരണകള്‍ നീങ്ങിപ്പോവുക. നിങ്ങള്‍ക്കറിയാത്ത ഒന്നിനെക്കുറിച്ച് നിങ്ങള്‍ പെട്ടെന്ന് കേള്‍ക്കുന്നു. അതോടെ നിങ്ങളുടെ മനസ്സ് മാറുന്നു. അതുകൊണ്ട് ഇടപെടുക, സമൂഹവുമായി ഇടപഴകുക (കേവലം സാമുദായിക മേഖലകളിലൊതുങ്ങാതെ) എന്നത് അതിപ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ദൗര്‍ഭാഗ്യവശാല്‍ ജര്‍മനിയില്‍ ഇരുഭാഗത്തുനിന്നും പരസ്‌പരം ഇടപെടല്‍ ഉണ്ടാകുന്നില്ല.
മക്കയില്‍ നിന്ന് എംടിവിയിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്ന ഒരുപാട് മുസ്‌ലിം പെണ്‍കുട്ടികളുണ്ട്. എന്നാല്‍ നിങ്ങള്‍ എംടിവിയില്‍ നിന്ന്‌മക്കയിലേക്കാണ് പോയത്. അവര്‍ക്കുള്ള നിങ്ങളുടെ സന്ദേശമെന്താണ്?
എന്റെ പുസ്‌തകം വായിച്ച് പ്രചോദനം നേടൂ. ഞാന്‍ എംടിവിയിലായിരുന്നു. അത് അന്തിമമായ സന്തോഷം തരില്ല. വിശ്വാസത്തിലൂടെ സന്തോഷം നേടുക, അപ്പോഴും നിങ്ങള്‍ക്ക് എംടിവി കാണാം. വിശ്വാസം എന്ന സമ്പത്തുണ്ടെങ്കില്‍ അതുതന്നെയാണ് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്തോഷവും സംതൃപ്‌തിയും നല്‌കുന്നത്. ഉപഭോഗസംസ്‌കാരമോ എംടിവിയോ ആ സന്തോഷം തരില്ല.
വിവ.സിദ്ദീഖ് ചിറ്റേത്തുകുടിയില്‍