മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട്ട് കഴിഞ്ഞ ദിവസം വിപുലമായ ഒരു ജനകീയ സമരം നടന്നു. കരുവമ്പാറ തെക്കന്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂനിറ്റും ക്വാറിയും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ചും സമരവും സംഘടിപ്പിച്ചത്. ദിനംപ്രതി ലക്ഷം ലിറ്റര്‍ വെള്ളമൂറ്റാനും നാലര ലക്ഷം ടണ്‍ വിവിധയിനം കല്ലുകള്‍ പൊട്ടിക്കാനും അനുമതി വാങ്ങി, 95 ഏക്കര്‍ സ്ഥലം കേന്ദ്രീകരിച്ചാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. നൂറോളം കുടുംബങ്ങളെ നേരിട്ടും ഇരുനൂറോളം കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് ക്രഷറിന്‍െറ പ്രവര്‍ത്തനം. പരിസരപ്രദേശങ്ങളിലെ മുഖ്യ ജലസ്രോതസ്സ് കരുവമ്പാറ തെക്കന്‍ മലയാണ്. അത് തകര്‍ക്കപ്പെട്ടാല്‍ പരിസരവാസികള്‍ കടുത്ത വെള്ളക്ഷാമമനുഭവിക്കും. പാതിരാത്രിപോലും പേടിപ്പെടുത്തുന്ന ഭീകര ശബ്ദമാണ് ക്രഷര്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുക. ഇതുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ലോ. ഗര്‍ഭിണികളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വരുത്തുന്ന വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ. വായുവിലും വെള്ളത്തിലും മാരകമായ മാലിന്യം കലരാനും ഇതിടവരുത്തുന്നു. ഇങ്ങനെ നൂറുകണക്കിന് ആളുകളുടെ നിത്യജീവിതത്തെ ദുരിതപൂര്‍ണവും അപകടകരവുമാക്കുന്നതിനാലാണ് ഒരു പ്രദേശത്തെ ജനം ഒന്നാകെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നാം ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ ശ്വസിക്കാനാവശ്യമായ വായുവോ കുടിക്കാനുള്ള വെള്ളമോ നില്ക്കാന് വേണ്ട ഇടമോ കൊണ്ടുവന്നിട്ടില്ല. പാറയും പറമ്പും പാടവും പര്‍വതവും തോടും കുളവും കായലും പുഴയുമൊന്നുമായല്ല നാം പിറന്നുവീണത്. പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവുകയുമില്ല. അതിനാല്‍, ഇതൊന്നും നമ്മുടേതല്ല. ദാതാവായ ദൈവത്തിന്‍േറതാണ്. നമുക്കുള്ളത് ഉപയോഗാനുമതിയാണ്. അതും നിരുപാധികമല്ല. ഇവിടത്തെ പര്‍വതങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നമുക്കുള്ളത്ര ഉപയോഗാനുമതി മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്.
ഭൂമിയില്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പ്രധാന ഭൗതിക പദാര്‍ഥം വായുവാണ്; അത് കഴിഞ്ഞാല്‍ വെള്ളവും. അതുകൊണ്ടുതന്നെ ശുദ്ധവായുവും നിര്‍മലമായ വെള്ളവും ഏതൊരാളുടെയും പ്രാഥമികാവശ്യമാണ്. അതാര്‍ക്കും നിഷേധിക്കപ്പെടാവതല്ല. അതിനാല്‍, വായുവിലും വെള്ളത്തിലും വിഷവും മാലിന്യവും കലര്‍ത്തുന്നത്, ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ത്തി മനുഷ്യരെ നശിപ്പിക്കുന്നതിനേക്കാള്‍ ക്രൂരവും കുറ്റകരവുമാണ്. കാന്‍സര്‍പോലുള്ള ഏറെ പ്രയാസകരമായ രോഗങ്ങള്‍ക്കിടവരുത്തുന്ന മാരക വസ്തുക്കള്‍ വായുവിലും വെള്ളത്തിലും കലര്‍ത്തി ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് വിഷംകൊടുത്ത് മിനിറ്റുകള്‍ കൊണ്ട് മരണം വരുത്തുന്നതിനേക്കാള്‍ അസഹനീയം. വീട് നിര്‍മിക്കുമ്പോള്‍ പോലും അയല്‍വാസിയുടെ ശുദ്ധവായുവിന് തടസ്സമുണ്ടാവരുതെന്നും വീട്ടിലെ മലിനജലം പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുംവിധം പുറത്തേക്കൊഴുക്കരുതെന്നും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ച് മലിനമാക്കരുതെന്നും ഇസ്ലാം കണിശമായി കല്പിക്കാനുള്ള കാരണവും അതുതന്നെ. ശുദ്ധവായുവും വെള്ളവും കവര്‍ന്നെടുക്കുന്നത് മറ്റുള്ളവരുടെ സമ്പത്ത് കട്ടെടുക്കുന്നതിനേക്കാള്‍ കടുത്ത അപരാധമാണ്. നിര്‍ബന്ധിതാവസ്ഥയില്‍ അനിവാര്യമായി സംഭവിച്ചുപോകുന്നവക്ക് മാത്രമേ ഇതില്‍ ഇളവ് പ്രതീക്ഷിക്കാവൂ.
ആയിരക്കണക്കിന് കൊല്ലങ്ങളിലൂടെ കടന്നുപോയ എണ്ണിയാലൊടുങ്ങാത്ത ജനകോടികള്‍ ഭദ്രമായി കാത്തുസൂക്ഷിച്ച എത്രയെത്ര പര്‍വതങ്ങളും പാറകളുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ഈ ആസുര കാലഘട്ടത്തിലെ ആര്‍ത്തി മൂത്ത മനുഷ്യര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. എത്രയെത്ര തോടുംപാടവും കുളവും കായലുമാണ് മണ്ണിട്ട് നികത്തി നശിപ്പിച്ചത്. ഈ നില തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും കേരളം തോടുംപാടവും നീര്‍ത്തടങ്ങളും, പര്‍വതവും പാറയുമില്ലാത്ത കോണ്‍ക്രീറ്റ് കാടായി മാറുകയില്ലേ? നമ്മെപ്പോലെത്തന്നെ വരുംതലമുറകള്‍ക്കും ഉപയോഗാനുമതിയുള്ള ഇവയൊക്കെ തകര്‍ക്കാനും കവര്‍ന്നെടുക്കാനും ആരാണ് നമുക്ക് അധികാരം നല്‍കിയത്? മലകളെ ഭൂമിയുടെ സന്തുലിതത്വത്തിനായാണ് താന്‍ സൃഷ്ടിച്ചതെന്ന് ദൈവം വിളംബരംചെയ്യുന്നു; വെള്ളം തന്‍െറ സൃഷ്ടികള്‍ക്കായി നല്കിയ അതി മഹത്തായ അനുഗ്രഹമാണെന്നും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതിക്കുനേരെയുള്ള കൈയേറ്റം കടുത്ത ദൈവധിക്കാരമാണ്; കൊടിയ മതനിഷേധവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണ്.
തെറ്റുകുറ്റങ്ങളില്‍ ഏറ്റവും ഗുരുതരവും പൊറുക്കപ്പെടാന്‍ പ്രയാസകരവുമായത് മനുഷ്യന് മനുഷ്യനോട് ചെയ്യുന്നവയാണ്. ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നത് മനുഷ്യന് ദൈവത്തോട് ചെയ്യുന്ന അപരാധമാണ്. മാപ്പപേക്ഷിക്കുന്നവര്‍ക്ക് ദൈവമത് പൊറുത്തുകൊടുത്തേക്കാം. എന്നാല്‍, മറ്റുള്ളവര്‍ക്ക് പ്രയാസവും ദ്രോഹവും വരുത്തുന്നത് അതിനേക്കാള്‍ എത്രയോ ഇരട്ടി കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. തങ്ങളുടെ പ്രവര്‍ത്തനം കാരണം പ്രയാസമനുഭവിക്കുന്നവര്‍ മാപ്പാക്കിയാലേ ദൈവം അത് പൊറുക്കുകയുള്ളൂ. വായുവിലും വെള്ളത്തിലും മാരകമായ വസ്തുക്കള്‍ കലരാന്‍ ഇടവരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് മറ്റെന്തിനേക്കാളും ഗൗരവമേറിയ കൊടും പാപമാണ്. കാരണം, അത് ഏതെങ്കിലും ഒന്നോ രണ്ടോ ആളുകളെ മാത്രമല്ല, ഒരു പ്രദേശത്തെ ഒന്നായാണ് ബാധിക്കുക; ഏതെങ്കിലും തലമുറയെ മാത്രമല്ല; തലമുറകളെയാണ് അപകടപ്പെടുത്തുക. പ്രകൃതിക്കുനേരെയുള്ള കൈയേറ്റവും ഇവ്വിധംതന്നെ. തകര്‍ക്കപ്പെടുന്ന മലകളും പാറകളും നികത്തപ്പെടുന്ന പാടങ്ങളും തോടുകളും പുനര്‍നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല. ഭൂമിയിലുള്ളതൊക്കെയും തനിക്കും തന്‍െറ തലമുറക്കുമാണെന്ന ധാരണ അത്യന്തം അപകടകരമത്രെ.
ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും ശാന്തമായി ഉറങ്ങാനുമുള്ള മറ്റുള്ളവരുടെ അവകാശം കവര്‍ന്നെടുത്താല്‍, ജീവിതകാലം മുഴുവന്‍ ചെയ്യുന്ന ആരാധനാകര്‍മങ്ങളുടെ സദ്ഫലം തന്നാല്‍ കഷ്ടനഷ്ടങ്ങളനുഭവിക്കുന്നവര്‍ക്ക് നല്‍കേണ്ടിവരും. മതിയാകാതെവന്നാല്‍ അവരുടെ പാപങ്ങളൊക്കെയും ഏറ്റെടുക്കാനും അങ്ങനെ ശിക്ഷാര്‍ഹനാകാനും നിര്‍ബന്ധിതനാകും. ഏറെപ്പേരും സാമൂഹികദ്രോഹ വൃത്തികളുടെ കുറ്റത്തിന്‍െറ ഗൗരവം ഇവ്വിധം ഉള്‍ക്കൊള്ളാറില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ദൈവത്തില്‍ വിശ്വസിക്കുകയും പരലോകബോധമുള്‍ക്കൊള്ളുകയും ആരാധനാ കാര്യങ്ങളില്‍ നിഷ്ഠപുലര്‍ത്തുകയും ചെയ്യുന്ന പലരും മറ്റുള്ളവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍ വിപത്തുകള്‍ വരുത്തുന്ന സാമൂഹിക വിദ്രോഹ വൃത്തികളില്‍ വ്യാപൃതരാവുന്നു. ജീവിക്കാന്‍ മാര്‍ഗമില്ലാതെ പട്ടിണിയും പ്രാരബ്ധവുമായി പ്രയാസപ്പെടുന്നവരല്ല പ്രകൃതിക്കുനേരെ കൈയേറ്റം നടത്തി ജനദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്, കോടിപതികളും ലക്ഷപ്രഭുക്കളുമാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധിതാവസ്ഥയുടെ ഇളവുപോലും അവര്‍ക്ക് ലഭിക്കുകയില്ല.
ഇവിടെ യഥാര്‍ഥ കുറ്റവാളികള്‍ മതപണ്ഡിതന്മാരും നേതാക്കളുമാണ്. തീര്‍ത്തും ഐച്ഛികമായ കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ തങ്ങളംഗീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ രീതി സ്വീകരിച്ചവരെ ബോധവത്കരിക്കാനും ഉപദേശിക്കാനും തിരുത്താനും തിടുക്കംകാണിക്കുന്ന മതനേതാക്കള്‍ അതിനേക്കാള്‍ എത്രയോ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളില്‍ കുറ്റകരമായ മൗനം പാലിക്കുന്നു. മതപണ്ഡിതന്മാര് പൈശാചികമായ ഈ മൗനംവെടിഞ്ഞ്, വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും മാലിന്യം കലര്‍ത്തുകയും പാറയും പര്‍വതവും തകര്‍ക്കുകയും തോടും പാടവും തൂര്‍ക്കുകയും അന്തരീക്ഷത്തെ വിഷമയമാക്കുകയും അങ്ങനെ ജനജീവിതത്തെ ദുസ്സഹവും ദുരിതപൂര്‍ണവുമാക്കുകയും ലോകാവസാനംവരെയുള്ള ദൈവസൃഷ്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നവരെ ബോധവത്കരിക്കുകയും വരാനിരിക്കുന്ന കൊടിയ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുകയുമാണെങ്കില്‍ വമ്പിച്ച മാറ്റമുണ്ടാകും. ജനകീയ സമരങ്ങള്‍ അനിവാര്യമായിവരുന്ന സാമൂഹിക ദ്രോഹ വൃത്തികളില്‍ മതവിശ്വാസികളും പങ്കാളികളാകുന്നത് ഒരു പരിധിയോളമെങ്കിലും മതപണ്ഡിതന്മാരും നേതാക്കളും തങ്ങളുടെ ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കാത്തതിനാലാണ്. ബോധവത്കരണ ശ്രമങ്ങളിലെ മുന്‍ഗണനാ ക്രമം പാലിക്കാത്തതിനാലാണ്.
1 comment:
ജനകീയ സമരങ്ങള്‍ അനിവാര്യമായിവരുന്ന സാമൂഹിക ദ്രോഹ വൃത്തികളില്‍ മതവിശ്വാസികളും പങ്കാളികളാകുന്നത് ഒരു പരിധിയോളമെങ്കിലും മതപണ്ഡിതന്മാരും നേതാക്കളും തങ്ങളുടെ ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കാത്തതിനാലാണ്. ബോധവത്കരണ ശ്രമങ്ങളിലെ മുന്‍ഗണനാ ക്രമം പാലിക്കാത്തതിനാലാണ്.
Post a Comment