Total Pageviews

ബെര്‍ലിനില്‍നിന്നും മക്കയിലേക്ക്‌ : മുഹമ്മദ്‌ അസദിന്റെ ജീവിതയാത്ര


1920കളില്‍ ബെര്‍ലിനില്‍, വേര്‍തിരിയുന്ന രണ്ടു റോഡുകള്‍: ഒന്ന്‌ ഒരുപാടു പേര്‍ സഞ്ചരിച്ച പടിഞ്ഞാറോട്ടുള്ള വഴി. മറ്റേത്‌ കിഴക്കോട്ടുള്ള, കുറച്ചുപേര്‍ മാത്രം യാത്ര ചെയ്‌തിട്ടുള്ള വഴി. ബൈബിളും തല്‍മൂദും നന്നായി പഠിച്ച യൂറോപ്യന്‍ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള, അനുഗൃഹീത എഴുത്തുകാരനും സഞ്ചാരിയും ഭാഷാപണ്ഡിതനുമായ ലിയോപോള്‍ഡ്‌ വെയ്‌സ്‌ കിഴക്കോട്ടുള്ള, മക്കയിലേക്കു പോകുന്ന റോഡിലൂടെ യാത്ര തിരിച്ചു. മുഹമ്മദ്‌ അസദായി ആ റോഡിലൂടെ യാത്രചെയ്‌ത അദ്ദേഹം ഇരുപതാം നൂറ്റാണ്ടില്‍, ഇംഗ്ലീഷ്‌ ഭാഷയിലുള്ള മികവുറ്റ തന്റെ രചനകളിലൂടെ പ്രമുഖ മുസ്‌ലിം പണ്ഡിതനും ചിന്തകനുമായി അറിയപ്പെട്ടു.
പാശ്ചാത്യ ലോകത്തെ ബെര്‍ലിനില്‍ നിന്നും ഒരു പുതിയ ആത്മീയ ജീവിതത്തില്‍ എത്തിപ്പെട്ട കഥ അസദിന്റെ തന്നെ വാക്കുകളില്‍ ``എല്ലാത്തിലുമുപരിയായി അത്‌ സ്‌നേഹവുമായി ബന്ധപ്പെട്ടതായിരുന്നു. പലതും ഉള്‍പ്പെടുന്നതാണ്‌ സ്‌നേഹം. നമ്മുടെ ആഗ്രഹങ്ങളും ഏകാന്തതയും നമ്മുടെ ഉന്നതലക്ഷ്യങ്ങളും നമ്മുടെ പരിമിതികളും നമ്മുടെ കഴിവുകളും ദൗര്‍ബല്യങ്ങളും. അതുപോലെ എന്റെ കാര്യത്തില്‍ സ്‌നേഹമായിരുന്നു. കൊള്ളക്കാരന്‍ ഒരു വീട്ടില്‍ രാത്രിയില്‍ പ്രവേശിക്കുന്നതുപോലെയാണ്‌ ഇസ്‌ലാം എന്നിലേക്കെത്തിയത്‌. എന്നാല്‍ കൊള്ളക്കാരനില്‍ നിന്നും ഭിന്നമായി എന്റെ നന്മക്കായാണ്‌ ഇസ്‌ലാം എത്തിയത്‌.''
അന്ന്‌ ഓസ്‌ട്രിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇപ്പോള്‍ പോളണ്ടിന്റെ ഭാഗമായ ല്‌വോവ്‌ നഗരത്തില്‍ (ജര്‍മന്‍ ഭാഷയില്‍ ലെംബെര്‍ഗ്‌) 1900 ജൂലൈയിലാണ്‌ ലിയോപോള്‍ഡ്‌ വെയ്‌സ്‌ ജനിച്ചത്‌. പരമ്പരാഗത ജൂത പുരോഹിത കുടുംബത്തില്‍, ഒരു അഭിഭാഷകന്റെ മകനായായിരുന്നു ജനനം. കുടുംബത്തിന്റെ ജൂത പുരോഹി ത പാരമ്പര്യം നിലനിര്‍ത്താനാവുംവിധം തികഞ്ഞ മതവിദ്യാഭ്യാസം വെയ്‌സിന്‌ ലഭിച്ചിരു ന്നു. ചെറുപ്പത്തില്‍ തന്നെ ഹീബ്രുഭാഷയും അരാമ്യഭാഷയും വശമാക്കിയിരുന്നു. മൂലഭാഷയില്‍ തന്നെ പഴയ നിയമവും തല്‍മൂദിന്റെ വ്യാഖ്യാനങ്ങളായ മിഷ്‌നയും ഗെമാറയും പഠിച്ചിരുന്നു. ബൈബിളിന്റെ വ്യാഖ്യാനമായ തര്‍ഗമും അസദ്‌ ആഴത്തില്‍ പഠിച്ചിരുന്നു.
കുടുംബം വിയന്നയിലേക്ക്‌ താമസം മാറിയതിനു ശേഷം പതിനാലുകാരനായ വെയ്‌സ്‌ സ്‌കൂള്‍ പഠനമുപേക്ഷിച്ച്‌ ഒന്നാംലോക മഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഓസ്‌ട്രിയയുടെ പട്ടാളത്തില്‍ ചേരാന്‍ ഒരു വിഫലശ്രമം നടത്തി. എന്നാല്‍ വൈകാതെ തന്നെ ഓസ്‌ട്രിയ ന്‍ സാമ്രാജ്യവും അതോടൊപ്പം അദ്ദേഹത്തിന്റെ പട്ടാളജീവിത സ്വപ്‌നങ്ങളും തകര്‍ന്നു.
ഒന്നാംലോക മഹായുദ്ധാനന്തരം അദ്ദേഹം വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. തൃപ്‌തിവരാതെ പിന്നീട്‌ അതുപേക്ഷിച്ചു. അക്കാലത്ത്‌ സാംസ്‌കാരികമായും ബൗദ്ധികമായും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ യൂറോപ്യന്‍ നഗരങ്ങളിലൊന്നായിരുന്നു വിയന്ന. തത്വചിന്ത, ഭാഷ, മനശ്ശാസ്‌ത്രം എന്നീ മേഖലകളില്‍ പ്രചോദിപ്പിക്കുന്ന പുതിയ ചിന്തകള്‍ അവിടെ മൊട്ടിട്ടിരുന്നു. അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, പ്രമുഖ കഫേകളില്‍ പോലും മനോവിശകലനം, ഭാഷാവിശകലനം, വാക്കുകളുടെ അര്‍ഥവികാസത്തെ സംബന്ധിച്ച ശാസ്‌ത്രം (semantics), ലോജിക്കല്‍ പോസിറ്റീവിസം എന്നീ വിഷയങ്ങളെക്കുറിച്ച്‌ ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സിഗ്‌മണ്ട്‌ ഫോയിഡിന്റെയും ആല്‍ഫ്രഡ്‌ അഡ്‌ലര്‍, ലഡ്‌വിഗ്‌ വിറ്റ്‌ഗെന്‍സ്റ്റീന്‍ എന്നിവരുടെയും വേറിട്ട ശബ്‌ദങ്ങള്‍ ലോകാന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ട നാളുകളായിരുന്നു അത്‌. ചൂടേറിയ പല ചര്‍ച്ചകള്‍ക്കും വെയ്‌സ്‌ സാക്ഷിയായി. പ്രതിഭാധനരുടെ ചിന്തകളിലെ തനിമ അദ്ദേഹത്തില്‍ മതിപ്പുളവാക്കിയെങ്കിലും അവരുടെ പ്രധാന തീര്‍പ്പുകള്‍ക്ക്‌ അദ്ദേഹത്തെ തൃപ്‌തിപ്പെടുത്താനായില്ല.
1920ല്‍ വെയ്‌സ്‌ വിയന്ന ഉപേക്ഷിച്ചു. മധ്യയൂറോപ്പിലൂടെ സഞ്ചരിച്ച്‌ യാത്രാമധ്യേ ചെറിയ പല ജോലികളും ചെയ്‌ത്‌ ബെര്‍ലിനില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരു വാര്‍ത്താ ഏജന്‍സിയില്‍ ജോലി ചെയ്‌തുകൊണ്ടിരുന്ന അദ്ദേഹത്തെ ഒരു സ്‌കൂപ്പ്‌ പ്രശസ്‌തനാക്കി. സോവിയറ്റ്‌ യൂണിയനു വേണ്ടി രഹസ്യമായി സഹായമഭ്യര്‍ഥിച്ചുകൊണ്ട്‌ പ്രമുഖ എഴുത്തുകാരനായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ ഭാര്യ ബെര്‍ലിനിലെത്തിയത്‌ അദ്ദേഹം റിപ്പോര്‍ട്ട്‌ ചെയ്‌തു.
ആ തലമുറയിലെ പലരെയും പോലെ വെയ്‌സും ഒരു അജ്ഞേയവാദിയായി മാറി. അദ്ദേഹം തന്റെ ജൂതമതവുമായി ബന്ധെപ്പട്ട ചിന്തകളില്‍ നിന്നും അകന്നു. ജറൂസലമിലുള്ള തന്റെ അമ്മാവനെ സന്ദര്‍ശിക്കുന്നതിനായി യൂറോപ്പില്‍ നിന്നും 1922ല്‍ വെയ്‌സ്‌ മിഡ്‌ല്‍ ഈസ്റ്റിലേക്കു യാത്ര തിരിച്ചു. അവിടെ അദ്ദേഹം അറബികളെ അറിയാനും ഇഷ്‌ടപ്പെടാനും തുടങ്ങി. ഇസ്‌ലാം അറബികളുടെ ദൈനംദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം - ആത്മീയമായ കരുത്ത്‌, മനസ്സമാധാനം, ജീവിതാസ്‌തിത്വത്തിന്‌ നല്‌കിയ അര്‍ഥം - വെയ്‌സിനെ വിസ്‌മയിപ്പിച്ചു.
ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വെയ്‌സ്‌ ജര്‍മനിയിലെയും യൂറോപ്പിലെയും മികച്ച പത്രങ്ങളിലൊന്നായ ഫ്രാങ്ക്‌ഫര്‍ട്ടര്‍ സേത്തൂങ്ങിന്റെ കറസ്‌പോണ്ടന്റായി. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം ഒരുപാട്‌ യാത്രകള്‍ ചെയ്‌തു. സാധാരണക്കാരുമായി ഇടപഴകി. മുസ്‌ലിം ബുദ്ധിജീവികളുമായും ഫലസ്‌തീന്‍, ഈജിപ്‌ത്‌, ട്രാന്‍സ്‌ ജോര്‍ദാന്‍, സിറിയ, ഇറാഖ്‌, ഇറാന്‍, അഫ്‌ഗാനിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരുമായും നേരില്‍ സംബന്ധിച്ചു.
തന്റെ യാത്രകളിലൂടെയും ഖുര്‍ആന്‍, ഹദീസ്‌, ചരിത്രം എന്നിവയുടെ പഠനത്തിലൂടെയും വെയ്‌സിന്റെ ഇസ്‌ലാമിനോടുള്ള താല്‌പര്യം വര്‍ധിച്ചു. തന്റെ ആകാംക്ഷ പര്യവേഷണത്തിന്‌ പ്രചോദനമായെങ്കിലും ആത്മീയതയുടെ ശൂന്യത, അവ്യക്തത, പ്രതീക്ഷയില്ലായ്‌മയുടെ ആധിക്യം എന്നിവയില്‍ നിന്ന്‌ അദ്ദേഹം അപ്പോഴും മോചനം കൊതിച്ചു. ദൈവം മനുഷ്യരോട്‌ സംസാരിച്ചു എന്നും വെളിപാട്‌ വഴി മനുഷ്യരെ സന്മാര്‍ഗത്തിലേക്ക്‌ നയിച്ചു എന്നതും ഉള്‍ക്കൊള്ളാനാവാതെ വെയ്‌സ്‌ അജ്ഞേയവാദിയായിത്തന്നെ നിലകൊണ്ടു. ബെര്‍ലിനില്‍ തിരിച്ചെത്തി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം - ചില ആദ്യകാല മുസ്‌ലിംകളുടെ അനുഭവങ്ങളെ ഓര്‍മിപ്പിക്കും വിധം- വെയ്‌സിന്‌ അപൂര്‍വമായ ചില ആത്മീയാനുഭവങ്ങളുണ്ടായി. ഏതാണ്ട്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ആ സംഭവങ്ങളെ അസദ്‌ ഇങ്ങനെ കുറിച്ചിട്ടു:
``1926 സപ്‌തംബറിലെ ഒരു ദിവസം ഞാനും എല്‍സയും ബെര്‍ലിനിലെ സബ്‌വേയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഉയര്‍ന്നവരുടെ കമ്പാര്‍ട്ടുമെന്റായിരുന്നു ഞങ്ങളുടേത്‌. എന്റെ മുന്നിലിരുന്ന വലിയ ബിസിനസ്സുകാരനെന്നു തോന്നിക്കുന്ന, നന്നായി വസ്‌ത്രം ധരിച്ച ആളില്‍ അവിചാരിതമായി എന്റെ ദൃഷ്‌ടി പതിഞ്ഞു. അക്കാലത്ത്‌ മധ്യയൂറോപ്പിലെ മിക്കയിടത്തും കാണുന്ന സമ്പന്നത അയാളിലുമുണ്ടായിരുന്നു. എന്റെ എതിരായി ഇരുന്നയാളെപ്പോലെ കമ്പാര്‍ട്ടുമെന്റിലെ ഏറെപ്പേരും നന്നായി വസ്‌ത്രം ധരിച്ചവരും നന്നായി ഭക്ഷണം കഴിക്കുന്നവരുമായിരുന്നു. എന്നാല്‍ ഞാനയാളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ഒരു സന്തോഷമുള്ള മുഖമായി എനിക്കു തോന്നിയില്ല. അദ്ദേഹം കേവല ദു:ഖിതനാണെന്നല്ല ഏറെ ദു:ഖിതനാണെന്നാണ്‌ എനിക്കു മനസ്സിലായത്‌. മാനസികമായി വേദനിച്ചിട്ടെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളുടെയും വായയുടെയും അവസ്ഥ. പരുക്കനാവാനാഗ്രഹിക്കാതെ, ഞാനെന്റെ കണ്ണുകള്‍ തിരിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റടുത്ത്‌ ഉയര്‍ന്നവളെന്ന്‌ തോന്നിക്കുന്ന ഒരു വനിത ഇരിക്കുന്നത്‌ ശ്രദ്ധയില്‍പെട്ടു. അവളുടെ മുഖവും ദു:ഖസാന്ദ്രമായിരുന്നു. അവളെ വല്ലാതെ വേദനിപ്പിച്ച എന്തോ ഒന്ന്‌ അവള്‍ അനുഭവിക്കുന്നപോലെ... കമ്പാര്‍ട്ടുമെന്റിലെ മറ്റെല്ലാ മുഖങ്ങളും ഞാന്‍ ശ്രദ്ധിച്ചു. നന്നായി വസ്‌ത്രം ധരിക്കുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരുടെ മുഖങ്ങള്‍. അവരില്‍ ഏതാണ്ടെല്ലാവരും ദു:ഖം ഒളിച്ചുവെച്ചിരിക്കുന്ന ഭാവത്തിലാണെന്ന്‌ എനിക്ക്‌ തിരിച്ചറിയാനായി. ആ മുഖത്തിന്റെ ഉടമകള്‍ മുഖഭാവത്തെക്കുറിച്ച്‌ അശ്രദ്ധരാണെന്നും തോന്നി...
....എനിക്കുണ്ടായ തോന്നല്‍ ഞാന്‍ എല്‍സയോട്‌ പങ്കുവെച്ചു. മനുഷ്യപ്രകൃതം പഠിക്കുന്ന പരിചയമുള്ള ഒരു പെയിന്റിംഗുകാരിയെപ്പോലെ അവള്‍ ചുറ്റും സൂക്ഷ്‌മ നിരീക്ഷണം നടത്തി. എന്നിട്ടവള്‍ വിസ്‌മയത്തോടെ എന്റെ നേരെ തിരിഞ്ഞിട്ട്‌ പറഞ്ഞു: അതെ നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്‌. നരകപീഡനം അനുഭവിക്കുന്നതുപോലെയാണ്‌ അവരെ കാണുമ്പോള്‍ തോന്നുന്നത്‌. അവരില്‍ നടക്കുന്നത്‌ എന്താണെന്ന്‌ അവര്‍ക്കുതന്നെയും അറിയാമായിരിക്കുമോ?
അവര്‍ക്കതറിയില്ലെന്ന്‌ എനിക്കറിയാം. അല്ലെങ്കില്‍ അവര്‍ ജീവിതം ഇങ്ങനെ പാഴാക്കുമായിരുന്നില്ല. സത്യസന്ധമായ വിശ്വാസങ്ങളില്ലാതെ, സ്വന്തം ജീവിതനിലവാരം ഉയര്‍ത്തുക എന്ന ആഗ്രഹത്തിനപ്പുറമുള്ള ലക്ഷ്യങ്ങളില്ലാതെ, കൂടുതല്‍ സുഖസൗകര്യങ്ങളും ഉപകരണങ്ങളും സ്വാധീനവും നേടുക എന്നതിനപ്പുറമുള്ള പ്രതീക്ഷകളില്ലാതെ...
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ മുമ്പ്‌ വായിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ഒരു പ്രതി എന്റെ മേശപ്പുറത്ത്‌ തുറന്നു കിടക്കുന്നുണ്ടായിരുന്നു. മാറ്റിവെക്കാനായി യാന്ത്രികമായി ഞാനതെടുത്തു. അടയ്‌ക്കുന്നതിന്‌ തൊട്ടുമുമ്പ്‌, മുന്നിലുള്ള പേജില്‍ എന്റെ ദൃഷ്‌ടി പതിഞ്ഞു. ഞാനതു വായിച്ചു:
``നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും പരസ്‌പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. പിന്നെയും; നിസ്സംശയം; നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം; നിങ്ങള്‍ ദൃഢമായ അറിവ്‌ അറിയുമായിരുന്നെങ്കില്‍ ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുകതന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട്‌ ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.'' (വി.ഖു 102:1-8)
``ഒരു നിമിഷം ഞാന്‍ നിശബ്‌ദനായി. ആ ഗ്രന്ഥം എന്റെ കൈയിലിരുന്ന്‌ വിറച്ചു എന്ന്‌ ഞാന്‍ കരുതുന്നു. എന്നിട്ട്‌ ഞാനത്‌ എല്‍സയ്‌ക്ക്‌ കൈമാറി. `ഇത്‌ വായിക്കൂ. നാം സബ്‌വേയില്‍ കണ്ടതിനുളള ഒരു ഉത്തരമല്ലേ ഇത്‌?'
``എല്ലാ സംശയങ്ങളും പെട്ടെന്നവസാനിപ്പിച്ച, നിര്‍ണായകമായ ഒരു ഉത്തരമായിരുന്നു ഇത്‌. എന്റെ കൈയില്‍ പിടിച്ചിരിക്കുന്നത്‌ ദൈവിക ഗ്രന്ഥമാണെന്ന്‌ തീരെ സംശയത്തിനിടമില്ലാത്ത വിധം ഇപ്പോള്‍ ഞാനറിഞ്ഞു. പതിമൂന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ മനുഷ്യന്‌ അവതീര്‍ണമായ ഗ്രന്ഥമാണിതെങ്കിലും ഇത്ര സങ്കീര്‍ണവും യാന്ത്രികവും സങ്കല്‌പാതീതവുമായ നമ്മുടെ കാലത്തേക്കും വേണ്ടത്‌ ഇതില്‍ വ്യക്തമായുണ്ട്‌.
``എക്കാലത്തും ആളുകള്‍ക്ക്‌ അത്യാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മുമ്പൊരിക്കലും മറ്റുള്ളതൊന്നും കാണാനാവാത്ത വിധം സാധനങ്ങള്‍ വാങ്ങിക്കൂട്ടുക എന്നത്‌ ഇത്ര ശീലമായിരുന്നില്ല. കൂടുതല്‍ കൂടുതലായി കൗശലപൂര്‍വം നേടാനുള്ള അപ്രതിരോധ്യമായ ആഗ്രഹം, അതിനുള്ള ശ്രമം, ഇന്നലത്തേതിനേക്കാള്‍ അധികം ഇന്ന,്‌ ഇന്നത്തേതിനേക്കാള്‍ അധികം നാളെ... ആ വിശപ്പ്‌, മനുഷ്യന്റെ ആത്മാവിനെ കാര്‍ന്നു തിന്നുന്ന, തൃപ്‌തിപ്പെടുത്താനാവാത്ത അവസാനിക്കാത്ത പുതിയ പുതിയ ലക്ഷ്യങ്ങള്‍: ``നിസ്സംശയം: നിങ്ങള്‍ ദൃഢമായ അറിവ്‌ അറിയുമായിരുന്നെങ്കില്‍'' (102:5)
``ദൂരെ അറേബ്യയില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിച്ച കേവലം ഒരു മനുഷ്യന്റെ ജ്ഞാനമല്ല ഞാനീ കണ്ടത്‌. അദ്ദേഹം എത്ര ബുദ്ധിമാനായിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റേതു മാത്രമായ ഈ ദാരുണ വേദന സ്വയം മുന്‍കൂട്ടി കാണുമായിരുന്നില്ല. ഖുര്‍ആന്റെ ശബ്‌ദം മുഹമ്മദ്‌ നബി(സ)യുടെ ശബ്‌ദത്തേക്കാള്‍ ഉന്നതമാണ്‌.......''
അതാണ്‌ വെയ്‌സിനെ മുസ്‌ലിമാക്കിയത്‌. ബെര്‍ലിന്‍ നഗരത്തിലെ ചെറിയ മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വത്തിനു മുമ്പില്‍വെച്ച്‌ ഇസ്‌ലാമാശ്ലേഷിച്ച അദ്ദേഹം പ്രവാചകനോടുള്ള ആദരവ്‌ സൂചിപ്പിക്കാനായി മുഹമ്മദ്‌ എന്നും, തന്റെ പഴയ പേരുമായി സാമ്യമുള്ള `സിംഹം' എന്നര്‍ഥമുള്ള അസദ്‌ ക്കുഎന്ന പദവും ചേര്‍ന്ന മുഹമ്മദ്‌ അസദ്‌ എന്ന പേര്‌ സ്വീകരിച്ചു. മറ്റു ചില നിര്‍ണായക തീരുമാനങ്ങളും അദ്ദേഹമെടുത്തു. ഇസ്‌ലാമാശ്ലേഷിച്ചതോടെ പിതാവുമായി അകന്നു, എല്‍സയെ വിവാഹം കഴിച്ചു. പിന്നീട്‌ എല്‍സയും ഇസ്‌ലാമാശ്ലേഷിച്ചു. പത്രത്തിലെ ജോലി ഉപേക്ഷിച്ചു. ശേഷം മക്കയിലേക്കുള്ള തീര്‍ഥാടനത്തിനായി പുറപ്പെട്ടു.
അദ്ദേഹത്തിന്റെ ഭൗതികമായ ദേശാടനത്തേക്കാള്‍ മാനസികവും വൈകാരികവുമായ മാറ്റങ്ങളാണ്‌ കൂടുതല്‍ പ്രധാനപ്പെട്ടത്‌. സാമ്പ്രദായികാര്‍ഥത്തിലുള്ള,കുപാശ്ചാത്യപരിപ്രേക്ഷ്യത്തിലുള്ള മതമായിരുന്നില്ല, എക്കാലത്തേക്കുമുള്ള ജീവിതപദ്ധതിയായിരുന്നു അസദിന്‌ ഇസ്‌ലാം. ദൈനംദിന ജീവിതത്തിന്‌ അനുയോജ്യമായ രീതിയില്‍ പ്രായോഗിക ഗൈഡായാണ്‌ അസദ്‌ ഇസ്‌ലാമിനെ കണ്ടത്‌. ``പൂര്‍ണതയുള്ള ഒരു ആര്‍കിടെക്‌ചറെന്ന പോലെയാണ്‌ എനിക്കു മുന്നില്‍ ഇസ്‌ലാമുള്ളത്‌. അതിന്റെ എല്ലാ ഭാഗങ്ങളും പരസ്‌പരം യോജിക്കുന്നതും താങ്ങായി പ്രവര്‍ത്തിക്കുന്നതുമാണ്‌. എന്തെങ്കിലും അപര്യാപ്‌തതയോ അമിതത്വമോ ഇസ്‌ലാമിനില്ല. അതിന്റെ ഫലമാണ്‌ തീര്‍ത്തും സന്തുലിതമായ ഇസ്‌ലാമിന്റെ ഘടന.''
മക്കയിലെത്തിയതിന്‌ ഒമ്പതു ദിവസത്തിനുശേഷം അസദിന്റെ ജീവിതം വല്ലാതെ മാറി. പെട്ടെന്നുള്ള എല്‍സയുടെ മരണം,കുലളിതമായ ഒരു സെമിത്തേരിയില്‍ ഖബറടക്കം. മക്കയിലെ താമസത്തിനിടെ യാദൃച്ഛികമായി ഫൈസല്‍ രാജകുമാരനെ പള്ളിയിലെ ലൈബ്രറിയില്‍വെച്ച്‌ കണ്ടുമുട്ടിയത്‌, ശേഷം ആധുനിക സുഊദി അറേബ്യയുടെ സ്ഥാപകനായ അബ്‌ദുല്‍അസീസ്‌ ആലുസ്സുഊദിനെ സന്ദര്‍ശിക്കാനുള്ള ക്ഷണം. ഈ ക്ഷണം പിന്നീട്‌ ദിവസവും രാജാവിനെ സന്ദര്‍ശിക്കുന്നതിലേക്കും രാജാവ്‌ അസദിന്റെ അറിവിനെയും ആത്മീയബോധത്തെയും കൂര്‍മബുദ്ധിയെയും പ്രശംസിക്കുന്നതിലേക്കും നയിച്ചു.
മക്കയിലും മദീനയിലുമായി ഏതാണ്ട്‌ ആറു വര്‍ഷം അസദ്‌ ചെലവഴിച്ചു. അക്കാലഘട്ടത്തില്‍ അറബിഭാഷ, ഖുര്‍ആന്‍, ഹദീസ്‌, ഇസ്‌ലാമിക ചരിത്രം എന്നിവ അസദ്‌ പഠിച്ചു. ഈ പഠനങ്ങള്‍ ഇങ്ങനെ പറയുന്നതിലേക്ക്‌ അദ്ദേഹത്തെ നയിച്ചു: ``ആത്മീയവും സാമൂഹികവുമായ പ്രതിഭാസമെന്ന നിലയില്‍ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുന്ന ഏറ്റവും മഹത്തായ ചാലകശക്തി - മുസ്‌ലിംകള്‍ക്ക്‌ ഇപ്പോഴത്തെ എല്ലാ ന്യൂനതകളും ഉണ്ടായിരിക്കെത്തന്നെ - ഇസ്‌ലാമാണെന്ന്‌ എനിക്കു ദൃഢമായി ബോധ്യമായി രിക്കുന്നു.'' അന്നു മുതല്‍ ജീവിതാന്ത്യംവരെ മുസ്‌ലിം സമൂഹത്തിന്റെ നവീകരണമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഹീ ബ്രു-അരമ്യ ഭാഷകളുമായുള്ള പരിചയം ക്ലാസിക്കല്‍ അറബി പഠിക്കുന്നതിന്‌ അദ്ദേഹത്തിന്‌ വളരെ പ്രയോജനപ്പെട്ടു. വിപുലമായ യാത്രകളും ബദവികളും അല്ലാത്തവരുമായ അറബികളുമായുള്ള അടുപ്പവും അറബിഭാഷാ പഠനത്തിന്‌ കൂടുതല്‍ പ്രയോജനപ്രദമായി.
കൂടുതല്‍ കിഴക്കുള്ള മുസ്‌ലിംകളുടെ സംസ്‌കാരങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി 1932ല്‍ അസദ്‌ അറേബ്യയില്‍ നിന്നും ഇന്ത്യയിലെത്തി. ഇന്ത്യയില്‍ വെച്ച്‌ തത്വചിന്തകനും കവിയും പാകിസ്‌താന്റെ ആത്മീയ ജനയിതാവുമായ മുഹമ്മദ്‌ ഇഖ്‌ബാലിനെ കണ്ടുമുട്ടി. ഭാവിയില്‍ രൂപപ്പെടുന്ന ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ബൗദ്ധികമായ അടിത്തറകള്‍ക്ക്‌ വ്യക്തത നല്‌കുന്നതിനായി അസദിന്റെ സഹായം ഇഖ്‌ബാല്‍ തേടി. ആധുനിക മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള പ്രബന്ധത്തിന്‌ അസദ്‌ വൈകാതെ തന്നെ ഇഖ്‌ബാലിന്റെ പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ 1939ല്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുവീണു. 1938ല്‍ ഓസ്‌ട്രിയ ജര്‍മനിയോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനുശേഷം അസദ്‌ ജര്‍മന്‍ പാസ്‌പോര്‍ട്ട്‌ വേണ്ടെന്നുവെച്ച്‌ ഓസ്‌ട്രിയന്‍ പൗരനായിത്തന്നെ തുടരാന്‍ തീരുമാനിച്ചിരുന്നെങ്കിലും, വിരോധാഭാസമെന്നു പറയട്ടെ, യുദ്ധം തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ ബ്രിട്ടന്‍ `ശത്രുപക്ഷത്തെ' പൗരനായിക്കണ്ട്‌ അസദിനെ തടങ്കലിലാക്കി. 1945 വരെ തടവുജീവിതം നീണ്ടുനിന്നു. അറസ്റ്റുചെയ്യപ്പെട്ട 3000 യൂറോപ്യന്‍കാരില്‍ ഭൂരിഭാഗവും നാസി അനുഭാവികളായിരുന്നു. അസദ്‌ മാത്രമായിരുന്നു ഏക മുസ്‌ലിം.
1947ല്‍ പാകിസ്‌താന്റെ രൂപീകരണത്തിനു ശേഷം അസദ്‌ പാകിസ്‌താനിലേക്കു പോയി. പുതിയ രാജ്യത്തിന്‌ ബൗദ്ധിക അടിത്തറ രൂപപ്പെടുത്തേണ്ട ദൗത്യം ഗവണ്‍മെന്റ്‌ അസദിനെ ഏല്‌പിച്ചു. പിന്നീടദ്ദേഹം ആ രാജ്യത്തിന്റെ മിഡില്‍ ഈസ്‌റ്റ്‌ ഡിവിഷന്‌ നേതൃത്വം നല്‌കുന്നതിനായി പാകിസ്‌താന്‍ വിദേശകാര്യ വകുപ്പിലേക്ക്‌ മാറ്റപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളുമായുളള പാകിസ്‌താന്റെ ബന്ധം മെച്ചപ്പെടുത്തിയ അദ്ദേഹം തന്റെ ആത്മകഥയായ മക്കയിലേക്കുള്ള പാത എഴുതുന്നതിനായി 1952ല്‍ രാജിവെക്കുന്നതുവരെ ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്‌താന്റെ സ്ഥാനപതിയായിരുന്നു.
ഈ പുസ്‌തകത്തിന്റെ രചനക്കുശേഷം 1955ല്‍ ന്യൂയോര്‍ക്കു വിട്ട അദ്ദേഹം ഒടുവില്‍ സ്‌പെയിനില്‍ താമസമാക്കി. അപ്പോഴും എഴുത്ത്‌ നിര്‍ത്തിയില്ല. 80-ാം വയസില്‍,കുപതിനേഴു വര്‍ഷത്തെ പരിശ്രമത്തിനുശേഷം, തന്റെ ജീവിതസ്വപ്‌നമായിരുന്ന ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും പൂര്‍ത്തിയാക്കി. 1992 ഫെബ്രുവരി 23ന്‌ മരണപ്പെടുന്നതുവരെ ഇസ്‌ലാമിക സേവനത്തില്‍ അദ്ദേഹം വ്യാപൃതനായി.
വിവ. സിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍ 

No comments: